തിരുവനന്തപുരം: പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ വ്യക്തമാക്കി. സംസ്ഥാനത്ത് കടകൾ മാത്രമായി അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കുഞ്ഞിറാവു ഹാജി വ്യക്തമാക്കി.
എറണാകുളം ജില്ലയിലും ഇന്ന് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംയുക്ത വ്യാപാരി സഘടനകൾ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരിൽ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിർബന്ധമായി അടപ്പിച്ചപ്പോൾ, കുത്തക മുതലാളിമാരുടെ മാളുകളും സൂപ്പർമാർക്കറ്റ് ശൃംഖലയും നിർബാധം തുറന്ന് പ്രവർത്തിച്ചുവെന്ന് സംയുക്ത വ്യാപരി സംഘടനകൾ ആരോപിച്ചു.
ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണിതെന്നും വ്യാപാരി സംഘടനാ നേതാക്കൾ ആരോപിച്ചു.
ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തകമുതലാളിമാർക്ക് അടിയറവ് വയ്ക്കില്ലെന്നും ഇന്ന് എറണാകുളം ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും സംയുക്ത വ്യാപാരി സംഘടനാ നേതാക്കൾ വ്യക്തമാക്കി.
പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ സംസ്ഥാനത്തിന്റെ പലഭാഗത്തും വ്യാപക ആക്രമണമാണ് സമരാനുകൂലികൾ നടത്തിയത്. സമരാനുകൂലികളുടെ നേതൃത്വത്തിൽ പണിമുടക്കിൽ പങ്കെടുക്കാതെ പുറത്തിറങ്ങിയ സാധാരണക്കാരെ വഴിയിൽ തടഞ്ഞുവെച്ചും മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയച്ചു.സമരത്തിന് പങ്കെടുക്കാതെ നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് നേരെയും സമരാനുകൂലികൾ അക്രമം അഴിച്ചു വിട്ടു.
