തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞ് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതിക്കെതിരേ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്.ഓലപ്പാമ്പിനെ കാണിച്ചാലൊന്നും തൊഴിലാളികള്‍ പേടിക്കില്ലെന്നും ഡയസ്നോണ്‍ ഉത്തരവിന് മറുപടിയായി ആനത്തലവട്ടം മാധ്യമങ്ങളോട് പ്രതികരിച്ചു.സുപ്രീംകോടതി 2003ല്‍ പണിമുടക്ക് നിരോധിച്ചിട്ടുണ്ട്. അതിനുശേഷവും ഇന്ത്യയില്‍ എത്രയോ പണിമുടക്കുകള്‍ നടന്നു.തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്.ഏതെങ്കിലും ഒരു കോടതി പറഞ്ഞാല്‍ അതില്‍ നിന്ന് പിന്തിരിയില്ല. സുപ്രീംകോടതിയെക്കാള്‍ വലിയ കോടതിയല്ലല്ലോ ഹൈക്കോടതി. അവകാശബോധമുള്ള തൊഴിലാളികളെയും ജീവനക്കാരേയും ഓലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്താന്‍ സാധിക്കില്ല’- ആനത്തലവട്ടം പറഞ്ഞു.പണിമുടക്കിനെ അവഗണിച്ച് കടതുറക്കുമെന്ന് പറയുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സമര വിരോധികളാണെന്നും ആനത്തലവട്ടം കുറ്റപ്പെടുത്തി..ഒരാളെയും ഉപദ്രവിക്കണമെന്നല്ല സമരസമിതിയുടെ നിലപാട്. പണിമുടക്കില്‍ സഹകരിക്കണമെന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റ് കമ്പനികൾക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേയാണ് ജനങ്ങള്‍ അണിനിരക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
