തിരുവനന്തപുരം : സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാവ് കെവി തോമസിനെ ഹൈക്കമാന്റ് വിലക്കിയിരുന്നു. എന്നാൽ സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനം അറിയിക്കാം എന്നാണ് നേതാവ് പ്രതികരിച്ചത്. ഇതിന് പിന്നാലെ കെവി തോമസിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച ചെറിയാൻ ഫിലിപ്പ്. സിപിമ്മിന്റെ പ്രണയ തട്ടിപ്പിൽ കുടുങ്ങരുത് എന്നും, പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നുമാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
സിപിഎംന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്…
പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു.
അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.
