യുഎഇയിൽ താമസ വിസ പാസ്പോർട്ടിൽ നിന്ന് മാറ്റി എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിക്കുന്ന സംവിധാനം മൂന്ന് എമിറേറ്റുകളിൽ പ്രാബല്യത്തിൽ വന്നു. അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളാണ് പൂർണമായും പുതിയ രീതിയിലേക്കു മാറിയത്. പുതിയ സംവിധാനം നിലവിൽ വരുന്നതുവരെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ടിലെ വിസ സ്റ്റാംപിംഗ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
താമസ വിസ മാറ്റം മൂന്ന് എമിറേറ്റുകളിലാണ് ആദ്യ ഘട്ടമായി പ്രാബല്യത്തിൽ വന്നത്. അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളാണ് പൂർണമായും പുതിയ രീതിയിലേക്കു മാറിയത്. പുതിയ സംവിധാനം സജ്ജമാകുന്നതുവരെ ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിൽ പാസ്പോർട്ടിൽ തന്നെ വിസ പതിക്കുന്നത് തുടരും. ഇതേസമയം വിസ ബന്ധിപ്പിച്ച എമിറേറ്റ്സ് ഐഡിയായിരിക്കും ഇവർക്കു ലഭിക്കുക. പാസ്പോർട്ടിൽ വിസ പതിക്കുന്നത് നിർത്തലാക്കിയെങ്കിലും എമിറേറ്റ്സ് ഐഡിയിൽ വിസ വിവരങ്ങൾ ലഭ്യമാകുന്നതിനാൽ വിദേശ യാത്രയ്ക്ക് തടസ്സമാകില്ലെന്ന് ഫെഡൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.
ആവശ്യമെങ്കിൽ ഐസിഎ സ്മാർട് ആപ്പിലൂടെയും വ്യക്തിഗത അക്കൗണ്ടിൽ വൈബ്സൈറ്റിലൂടെയും ലഭ്യമാകുന്ന വിസാ പകർപ്പ് പ്രിന്റെടുത്ത് കാണിക്കാവുന്നതാണ്. വിസ, എമിറേറ്റ്സ് ഐഡി പകർപ്പിന് അപേക്ഷിച്ചാൽ ഇമെയിൽ വഴിയും ലഭിക്കും.
പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും വഴി എയർലൈനുകൾക്ക് ഇപ്പോൾ താമസ വിസയുടെ സ്റ്റാറ്റസ് പരിശോധിക്കാനാകും. ഇതു സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനികൾക്ക് കൈമാറിയതായും സൂചിപ്പിച്ചു.രാജ്യത്തിനു പുറത്തുള്ളവരുടെ വിസ വിവരങ്ങൾ പാസ്പോർട്ട് റീഡർ വഴി പരിശോധിച്ച് പ്രവേശനം അനുവദിക്കാവുന്നതാണ്. പുതിയ പരിഷ്കാരം അനുസരിച്ച് എമിറേറ്റ്സ് ഐഡിയിൽ വ്യക്തിപരവും തൊഴിൽപരവുമായ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനാൽ ഇനി വീസയ്ക്കും തിരിച്ചറിയൽ കാർഡിനും വ്യത്യസ്ത അപേക്ഷ നൽകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
