ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ. യുഎസിൽ പൈലറ്റാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. എനുക അരിൻസി ഇഫെന്ന എന്ന 36കാരനെയാണ് നോയിഡയിൽ നിന്നും പോലീസ് പിടികൂടുന്നത്. വിവാഹ വാഗ്ദാനത്തിനൊപ്പം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും യുവാവ് വാഗ്ദാനം ചെയ്തു. നൈജീരിയൻ സ്വദേശിയായ യുവാവ് ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ താമസിച്ച് വരികയായിരുന്നു.
ഡോളറായി എത്തിച്ച ഒന്നരക്കോടി രൂപ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും വിട്ടുകിട്ടാനുള്ള നടപടിയ്ക്കായി 10 ലക്ഷം രൂപ വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. പലതവണയായി യുവതി 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൊടുക്കുകയും ചെയ്തു. വീണ്ടും 11 ലക്ഷം കൂടി യുവാവ് ആവശ്യപ്പെട്ടു. ഇത് നൽകാൻ ഇവർ നഗരത്തിലെ ബാങ്കിലെത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് മാനേജർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് വിവരം പുറത്തറിഞ്ഞത്.
നോയിഡയിൽ നിന്നും പോലീസിനെ പേടിച്ച് രക്ഷപെട്ട ഇയാളെ ആറ് കിലോമീറ്ററോളം ദൂരം ഓടിച്ച് പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഘാന സ്വദേശിയായ ഭാര്യയും രണ്ട് മക്കളുമായി ഫ്ലാറ്റിൽ താമസിക്കുകയാണ് എനുക. ഇന്ത്യക്കാരുടെ അക്കൗണ്ടുകളിൽ നിന്നും പണം സ്വീകരിച്ച്, അപ്പോൾ തന്നെ തുക നൈജീരിയൻ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു. പ്രതിയെ ആലപ്പുഴയിലെത്തിച്ചിട്ടുണ്ട്. ഇന്ന് ഇയാളെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
