തെന്നിന്ത്യൻ നടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് അല്ലു അർജുൻ . തെലുങ്കിൽ മാത്രമല്ല മലയാളം ഉൾപ്പെടെ മറ്റെല്ലാ ഭാഷകളിലും അല്ലുവിന് ആരാധകർ ഒരുപാടാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ പുഷ്പ എന്ന ചിത്രം വമ്പൻ വിജയം നേടിയിരുന്നു. അല്ലു അർജുന്റെ പുതിയ വിശേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
ഒരു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാാറിയെന്ന വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പരസ്യത്തിനായി കോടികളാണ് വാഗ്ദാനം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും താരം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. താൻ ഈ പരസ്യ ചിത്രത്തിൽ അഭിനയിച്ചാൽ അത് പ്രേക്ഷകർക്കിടയിൽ തെറ്റായ മാതൃകയുണ്ടാക്കും എന്നതിനാലാണ് അല്ലു ഇതിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം കഴിക്കാൻ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.

