ആലപ്പുഴ: എ.ആര് ക്യാമ്പ് പോലീസ് ക്വാര്‍ട്ടേഴ്സില്‍ പോലീസുകാരന്റെ ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ
പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. യുവതി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നാണു നിഗമനം. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ റെനീസിന്റെ ഭാര്യ നജ്ല (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (അഞ്ച്), മലാല (ഒന്നേകാല്‍) എന്നിവരാണു മരിച്ചത്. നജ്ല ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂത്തമകന് ടിപ്പു സുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ 9.30ന് ക്വട്ടേഴ്സില്‍ തിരിച്ചെത്തി വിളിച്ചുനോക്കിയിട്ടും കതകു തുറന്നിരുന്നില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തെ മുറികളില്‍ താമസിക്കുന്നവരും അപ്പോഴാണ് വിവരം അറിയുന്നത്.
