കൊല്ലം: വിസ്മയയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗഹൃദം ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം അയയ്ക്കുന്നതായി പരാതി. വിസ്മയ വിജിത്ത് എന്നപേരിലാണ് അക്കൗണ്ട്. വിസ്മയ, സഹോദരന് വിജിത്ത്, വിജിത്തിന്റെ ഭാര്യ ഡോ. രേവതി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ ഉണ്ടാക്കി സുഹൃത്തുക്കളെ ക്ഷണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്.പി. കെ.ബി.രവിക്ക് പരാതി നല്‍കിയത്.
വിസ്മയയുടെ സഹോദരനോ സഹോദരഭാര്യയോ സുഹൃദ്പട്ടികയില്‍ ഇല്ലാത്ത അക്കൗണ്ടില്‍ എണ്ണൂറോളം പേരെയാണ് സുഹൃത്തുക്കളായി ചേര്‍ത്തിരിക്കുന്നത്. ബന്ധുക്കള്‍ക്ക് സന്ദേശം വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. സൈബര്‍സെല്‍ മുഖേന അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി. പറഞ്ഞു.

