കുടുംബക്ഷേത്രത്തില്‍നിന്ന് മോഷണംപോയ പഞ്ചലോഹവിഗ്രഹം സമീപത്തെ പഞ്ചായത്ത് കിണറ്റില്‍നിന്ന് കണ്ടെത്തി. സംഭവത്തില്‍ കരുണാകരത്ത് പറമ്പില്‍ കൃഷ്ണന്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ വിഗ്രഹത്തോടൊപ്പം നഷ്ടപ്പെട്ട മൂന്ന് പവന്റെ മാല കിട്ടിയിട്ടില്ല. ചേലക്കര ഗ്രാമത്തിലെ കുടുംബക്ഷേത്രത്തില്‍ പത്ത് ദിവസംമുമ്പാണ് മോഷണം നടന്നത്.
ക്ഷേത്രത്തിലെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. നിരവധി വിഗ്രഹങ്ങളില്നിന്ന് പ്രധാനവിഗ്രഹമാണ് മോഷ്ടിച്ചത്. സമീപവാസിയും കുടുംബാംഗവുമായ കൃഷ്ണന്‍കുട്ടിയെ ചേലക്കര സി.ഐ. ബാലകൃഷ്ണന് ചോദ്യം ചെയ്തതോടെയാണ് വിഗ്രഹം കിണറ്റിലെറിഞ്ഞതായി പ്രതി പറഞ്ഞത്. ഇതോടെ വടക്കാഞ്ചേരി അഗ്നിരക്ഷാസേനയെത്തി കിണറ്റിലിറങ്ങി മുങ്ങിത്തപ്പി പഞ്ചലോഹവിഗ്രഹം കണ്ടെടുത്തു. 12 സെന്റിമീറ്റര്‍ വലുപ്പമുള്ളതാണ് വിഗ്രഹം. വിഗ്രഹത്തോടൊപ്പം മൂന്ന് പവന്റെ മാലയും മോഷണം പോയിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. വിഗ്രഹത്തിന് ചാര്‍ത്തിയ മേലങ്കിയും തലപ്പാവും കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയതോടെയാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ മൂന്ന് പവന്റെ മാല കണ്ടെത്താനായില്ല. മാല ഇല്ലായിരുന്നുവെന്നാണ് പ്രതി പോലീസിനോട് തെളിവെടുപ്പിനിടെ പറഞ്ഞത്.
ചേലക്കര സി.ഐ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. കബീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ. റഷീദ, നൗഫല്‍, മധുസൂദനന് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
