തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ചു. ഡോക്ടേഴ്സിന്റെ ഗുരുതര അനാസ്ഥയെ തുടർന്ന് ശസ്ത്രക്രിയ വൈകിയിരുന്നു. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്ക എറണാകുളത്തുനിന്ന് കൃത്യസമയത്ത് എത്തിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തതിനാൽ ശസ്ത്രക്രിയ നാല് മണിക്കൂറോളം വൈകുകയായിരുന്നു.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവന്തപുരം മെഡിക്കല്‍ കോളേജിന് അനുവദിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ നാലുമണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് സ്വകാര്യ ആംബുലന്‍സില്‍ അയച്ചു. രാവിലെ 10മണിക്ക് ഇവര്‍ രാജഗിരി ആശുപത്രിയിലെത്തി. അവിടെ നിന്ന് മസ്തികിഷ്ക മരണം സംഭവിച്ച ആളില്‍ നിന്ന് അവയവം എടുക്കുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ന് പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

