പഞ്ചായത്ത് അംഗത്തെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. വിതുരപഞ്ചായത്തിലെ പൊന്നാൻ ചുണ്ട് വാർഡ് അംഗം ആനപ്പാറ കവിതാലയത്തിൽ രവികുമാറിനെയും ഭാര്യയെയും ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതിയെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. വിതുര ആനപ്പാറ ചെറുമണലി വിവേക് ഭവനിൽ വിനോദ് (44)നെ ആണ് ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി
പ്രശാന്ത്, സി.ഐ. ശ്രീജിത്ത്,എസ്ഐ മാരായ വിനോദ്, ഇർഷാദ്, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ലൈഫ് ഭവന പദ്ധതിയിലേക്ക് വീടിനായി അപേക്ഷ നൽകിയത് ലഭിക്കാൻ വൈകിയത് മെമ്പർ കാര്യക്ഷമമായി ഇടപെടാത്തത് കൊണ്ടാണെന്ന് ആരോപിച്ചാണ് മദ്യപിച്ചെത്തിയ വിനോദ് രവി കുമാറിന്റെ വീട്ടിലെത്തി ജാതിപ്പേര് വിളിച്ച് ആക്രമിച്ചതു. ഇത് തടയാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തിന്റെ ഭാര്യയ്ക്കും മർദ്ദനമേറ്റു. പഞ്ചായത്ത് അംഗം രവികുമാർ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു.
