വിതുര : പുറംലോകവുമായി ബന്ധപ്പെടാനുള്ള ആശ്രയമായ റോഡ് തകർന്നതും കലുങ്കുകൾ പൊളിഞ്ഞതും ആദിവാസി മേഖലയിലുള്ളവരുടെ യാത്ര ദുരിതത്തിലാക്കുന്നു. തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറ-ചെരുപ്പാണി റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്.
മൂന്ന് ആദിവാസി ഉന്നതികളിലായി താമസിക്കുന്ന ആയിരത്തോളം പേരാണ് യാത്രാദുരിതം അനുഭവിക്കുന്നത്. തൊളിക്കോട്-വിതുര റോഡിലെ ഇരുത്തലമുക്കിൽനിന്നു തിരിയുന്ന റോഡിന് അഞ്ച് കിലോമീറ്ററോളം ദൈർഘ്യമുണ്ട്. ആദിവാസി സംഘടനകളുടെയും പ്രദേശവാസികളുടെയും ശ്രമഫലമായാണ് റോഡ് നിർമിച്ചത്. എന്നാൽ അശാസ്ത്രീയ നിർമാണമാണ് ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു.ഓടയില്ലാത്തതാണു പ്രധാന പ്രശ്നം. കുത്തനെയുള്ള റോഡിലൂടെ ഒഴുകുന്ന മഴവെള്ളം ഉറപ്പിനെ കാര്യമായി ബാധിച്ചു. ടാറും ചല്ലിയും ഇളകിമാറി കുണ്ടും കുഴികളുമായെങ്കിലും അധികാരികൾ ശ്രദ്ധിച്ചില്ല. ക്രമേണ ഈ ചെറിയ കുഴികളുടെ വലുപ്പംകൂടി വെള്ളക്കെട്ടുകളായി. വശത്തെ മണ്ണിടിച്ചിലും പ്രശ്നം രൂക്ഷമാക്കി. മഴയത്ത് മണ്ണും ചരലും ഒലിച്ചിറങ്ങുന്നത് ഇരുചക്രവാഹനയാത്രക്കാർക്കാണ് ഏറെ ഭീഷണി.
ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. റോഡിന്റെ അവസ്ഥമൂലം സ്കൂൾ വാഹനങ്ങളോ ഓട്ടോറിക്ഷകളോ പോലും വരാത്ത സ്ഥിതിയാണെന്ന് ഉന്നതികളിലെ താമസക്കാർ പറയുന്നു. ഉണ്ടായിരുന്ന ബസ് സർവീസും നിലച്ചതോടെ യാത്ര പൂർണമായും ദുരിതത്തിലായി. ജനപ്രതിനിധികളെയും അധികൃതരെയും വിവരം ധരിപ്പിച്ചെങ്കിലും പരിഹാരമായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചെരുപ്പാണി-പൊൻപാറ റോഡിന്റെ പുനർനിർമാണമാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. ഉന്നതികളുടെ വികസനത്തിന് അനുവദിക്കുന്ന തുകകൾ വകമാറ്റി ചെലവഴിക്കുന്നതാണ് പതിവെന്ന് അവർ ആരോപിച്ചു. റോഡുനവീകരണത്തിനു തുക വകയിരുത്തിയാലും പേരിന് അറ്റകുറ്റപ്പണികൾ ചെയ്ത് തലയൂരുകയാണ് അധികാരികൾ ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി.
