സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ വരുന്നത് ജനങ്ങളെ നശിപ്പിക്കാനാണെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. കേരള മദ്യനിരോധന സമിതി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്ക് മദ്യം ആവശ്യമില്ലെന്ന് കോവിഡ് കാലത്ത് തെളിഞ്ഞതാണ്. 64 ദിവസം അന്ന് സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടും ഒന്നും സംഭവിച്ചില്ല. കൂടുതൽ മദ്യശാലകൾക്ക് അനുമതി നൽകുന്നതും പൂട്ടിയവ തുറക്കുന്നതും ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടാനാണെന്നും അദ്ദേഹം പറഞ്ഞു.മദ്യവ്യാപനത്തിനെതിരേ, പുതിയ മദ്യശാലകൾ തുറക്കുന്നതിനെതിരേ’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് എൽ.എം.എസിന് സമീപം പോലീസ് തടഞ്ഞു. സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.എം.രവീന്ദ്രൻ അധ്യക്ഷനായിരുന്നു. ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ഓർഗനൈസർ ഫാ. ജോൺ അരീക്കൽ, മുൻ എം.എൽ.എ. ടി.ശരത്ചന്ദ്ര പ്രസാദ്, സമിതി ഭാരവാഹികളായ ഇ.എ. ജോസഫ്, ഏട്ടൻ ശുകപുരം, ശശികല, പി. മോഹനകുമാരൻ, ജോയ് അയിരൂർ,വനിതാ വിഭാഗം പ്രസിഡന്റ് പ്രൊഫ. ഒ.എ.ചിന്നമ്മ, ഷീബാ തെക്കേടത്ത്, ജില്ലാ ചെയർമാൻ വി.എസ്.ഹരീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു
