ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് ഹാജരായി. കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ രണ്ടു തവണ ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇഡി ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടി സ്വപ്ന ഹാജരായിരുന്നില്ല. അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന കേസിൽ സ്വപ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റുണ്ടായേക്കും എന്ന അഭ്യൂഹങ്ങളോടാണ് സ്വപ്ന പ്രതികരിച്ചത്.
