പുനർവിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിന്റെ കൂടെ രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
“പിതാവിന്റെ മരണശേഷം അമ്മയ്ക്ക് രണ്ടാമത്തെ ഭർത്താവിന്റെ പേര് സര് നെയിം ആയി കുട്ടിക്ക് നൽകാം. പുനർവിവാഹം ചെയ്താൽ അമ്മയ്ക്ക് സ്വന്തം മക്കളുടെ പേരിനൊപ്പം അവരുടെ ഭര്‍ത്താവിന്റെ സര്‍നെയിം ഉപയോഗിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ” – സുപ്രീംകോടതി വിധി പറയുന്നു.
അമ്മയുടെ രണ്ടാമത്തെ ഭർത്താവിന്റെ പേര് ‘രണ്ടാനച്ഛൻ’ എന്ന് കുട്ടികളുമായി ബന്ധപ്പെട്ട രേഖകളിൽ ഉൾപ്പെടുത്തുന്നത് ഏറെക്കുറെ ക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
