തിരുവനന്തപുരം ജവഹര്‍ നഗറിലെ നികുഞ്ചം ഫോര്‍ച്യൂണര്‍ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആള്‍ ഒരു രാത്രി ഫയര്‍ഫോഴ്‌സിനെ വട്ടം ചുറ്റിച്ചു. വിളവൂര്‍ക്കല്‍ പെരുകാവ് സ്വദേശി സുരേഷ്‌കുമാര്‍ എന്നാണ് തന്റെ പേരെന്നാണ് ഇയാള്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. ഇന്നലെ രാത്രി 9.50നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഫ്‌ളാറ്റിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ ഒരാള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുന്നത്. ഇവരെ കണ്ടതോടെ യുവാവ് ഫ്‌ളാറ്റിന്റെ ഒന്നാം നിലയിലേക്ക് ചാടിക്കയറിയശേഷം ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. അര്‍ദ്ധനഗ്നനായിരുന്ന ഇയാളുടെ ശരീരം മുഴുവന്‍ പരിക്കേറ്റിരുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ സംസാരിച്ചുകൊണ്ടിരുന്നത്. മോഷണത്തിനെത്തിയതാണോ മാനസികാസ്വാസ്ഥ്യമുണ്ടോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ ഇയാള്‍ക്കുണ്ടോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം തന്നെ പിടികൂടാന്‍ ശ്രമിച്ചാല്‍ ഫ്‌ളാറ്റില്‍ നിന്നു ചാടുമെന്നും ഉദ്യോഗസ്ഥരെയും തള്ളിയിടുമെന്നും പിടികൂടിയാല്‍ ആക്രമിക്കുമെന്നും സ്റ്റേഷനിലേക്കു കൊണ്ടുപോയാല്‍ പോലീസുകാരെ ആക്രമിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. ഒരു ബൈക്കിലാണ് ഇയാള്‍ ഫ്‌ളാറ്റിലേക്ക് എത്തിയതെന്ന് ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കയര്‍കൂടാരം ഫ്‌ളാറ്റിനു താഴെ കെട്ടിയശേഷമാണ് എ.എസ്.ടി.ഒ വിജയന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ രാജശേഖരന്‍, ഗോപകുമാര്‍, എഫ്.ആര്‍.ഒമാരായ വിഷ്ണുനാരായണന്‍, സുമേഷ്, ഹോംഗാര്‍ഡ് സതി, അനീഷ്, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഉദ്യമത്തിനിടെ യുവാവ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഫ്‌ളാറ്റിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ശരീരമാസകലം പരിക്കേതിനാല്‍ മ്യൂസിയം സ്റ്റേഷനില്‍നിന്ന് പോലീസുകാര്‍ എത്തിയതോടെ യുവാവിനെ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.

Posted inWeb Desk
