വർക്കല തിരുവമ്പാടി നോർത്ത് ക്ലിഫിൽ ഫൻഗി ഹൗസ് റിസോർട്ടിൽ നിശാ പാർട്ടിയിൽ അനധികൃതമായി മദ്യ വില്പന ചെയ്ത മൂന്നുപേരെയാണ് വർക്കല പോലീസ് പിടികൂടിയത്. വടശ്ശേരിക്കോണം പേഴുവിള വീട്ടിൽ റോഷിൻ (31) തച്ചോട് പൈപ്പിൻ മൂട് എൻ എസ് ഭവനിൽ ഗൗതം(25) കൊല്ലം കിളികൊല്ലൂർ ഉളിയക്കോവിൽ കിഴക്കതിൽ വീട്ടിൽ സുമൻ (30) എന്നിവരാണ് പിടിയിലായത്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട റിസോർട്ട് നടത്തിപ്പുകാരും സംഘാടകരും അടക്കം നാലുപേർക്കെതിരെയും വർക്കല പോലീസ് അബ്കാരി നിയമ പ്രകാരം കേസെടുത്തു. തിരുവമ്പാടി നോർത്ത് ക്ലിഫിൽ മുൻപ് പൂച്ചി നിലാല എന്ന പേരിൽ പ്രവർത്തിച്ചുവന്നിരുന്ന ഫൻഗി ഹൗസ് റിസോർട്ട് അധികൃതരാണ് ഫ്രീഡം നൈറ്റ് എന്ന പേരിൽ ഇന്റർനെറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്തു എൻട്രി ഫീസ് വാങ്ങി സ്ത്രീകള് അടക്കമുള്ളവരെ പങ്കെടുപ്പിച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന ചെയ്തു നിശാ പാർട്ടി സംഘടിപ്പിച്ചത്. ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവും വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബാർ ഉപകരണങ്ങളും ഡിജെ പാർട്ടിക്കായി സൂക്ഷിച്ചിരുന്ന ബോക്സും ആംപ്ലിഫയറും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. നഗരസഭയുടെ ലൈസൻസ് എടുക്കാതെ അനധികൃതമായാണ് ബാറ് പ്രവർത്തിച്ചുവന്നിരുന്നത്. വർക്കല എസ് എച്ച് ഒ,സനോജ് എസ്. സബ് ഇൻസ്പെക്ടർ രാഹുൽ. പി.ആർ.അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷാനവാസ്,ലിജോ ടോം ജോസ്, എസ് സി പി ഒ മാരായ സതീശൻ, ഷിജു,, ജിഹാനിൽ സിപിഒ മാരായ പ്രശാന്ത് കുമാർ, ശ്രീജിത്ത്, ജെസീൻ, അഖിൽ,അനു, തുടങ്ങിയവർ അറസ്റ്റിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
