കേരളത്തിൽ പൊതുവിപണിയിൽ അരി വില കുതിക്കുന്നു. പൊന്നി മാത്രമാണ് വില ഉയരാതെ നിൽക്കുന്നത്. രണ്ടുമാസത്തിനിടെ എല്ലായിനങ്ങളുടെയും വില ശരാശരി പത്തുരൂപ ഉയർന്നു. സാധാരണ മട്ട അരിക്ക് വില കൂടുമ്പോൾ വെള്ള അരിക്ക് കുറയുകയാണ് പതിവ്. എന്നാലിപ്പോൾ എല്ലാ ഇനങ്ങളുടെയും വില ഉയർന്നു. ദൗർലഭ്യവും രൂക്ഷമാണ്.
കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നത് ജയ, ജ്യോതി എന്നിവയാണ്. ഇവയുടെ വില രണ്ടുമാസത്തിൽ പത്തുരൂപ കൂടി. എതാണ്ട് 70 ശതമാനം പേരും ഉപയോഗിക്കുന്നത് വെള്ള ജയ അരിയും ജ്യോതി മട്ടയുമാണ്. ജയ ആന്ധ്രാപ്രദേശിൽനിന്നും ജ്യോതി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുമാണ് എത്തുന്നത്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്കും വില പത്തുരൂപയോളം ഉയർന്നു. ഉണ്ടമട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറുരൂപയോളമാണ്.

