സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും രൂക്ഷവിമർശനം. അധിക പൊലീസ് സുരക്ഷ ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നാണ് വിമർശനം. ഇത് സർക്കാരിനെ ജനങ്ങളിൽ നിന്നകറ്റും. കൊട്ടാരക്കര മണ്ഡലം കമ്മറ്റിയുടേതാണ് വിമർശനം. കൃഷി മന്ത്രി പി.പ്രസാദ് പരാജയമാണെന്ന് ചർച്ചയിൽ പ്രതിനിധികള് കുറ്റപ്പെടുത്തി. ആർ.എസ്.പി യു.ഡി.എഫിൽ തുടരുന്നതിന് കാരണം എൻ.കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും സി.പി.എം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും ക്യാംപസുകളിൽ എ.ഐ.എസ്.എഫ് പ്രവർത്തിക്കുന്നത് എസ്.എഫ്.ഐക്കാരുടെ മർദ്ദനം സഹിച്ചാണെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർ.എസ്.പിയെന്നാണ് വിമർശനം. എൽ.ഡി.എഫിലേക്ക് തിരിച്ചെത്തണമെന്ന് ആർ.എസ്.പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. എന്നാൽ യു.ഡി.എഫിൽ തന്നെ ആർ.എസ്.പി തുടരുന്നത് എൻ.കെ പ്രേമചന്ദ്രന്റെ പിടിവാശി കാരണമാണ്. എൻ.കെ പ്രേമചന്ദ്രന് എം.പി സ്ഥാനം നഷ്ടപ്പെട്ടാൽ ആർ.എസ്.പിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും വിമർശനമുണ്ട്. കൊല്ലം ജില്ലയിൽ മുസ്ലീം സമുദായത്തിനിടയിൽ വർഗീയ ശക്തികൾ പിടിമുറുക്കുന്നുവെന്നാണ് മറ്റൊരു വിമർശനം. കൊല്ലത്ത് ബി.ജെ.പി വളർച്ചയുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജില്ലയിലെ ക്യാംപസുകളിൽ എ.ഐ.എസ്.എഫും എസ്.എഫ്.ഐയും തമ്മിൽ നേർക്ക് നേർ മത്സരമാണെന്നാണ് മറ്റൊരു വിമർശനം. ക്യാംപസുകളിൽ കെ.എസ്.യുവും എ.ബി.വി.പിയും നേട്ടമുണ്ടാക്കിയാലും എ.ഐ.എസ്.എഫ് നേട്ടമുണ്ടാക്കാൻ പാടില്ലെന്നാണ് എസ്.എഫ്.ഐ നിലപാട്. എസ്.എഫ്.ഐക്കാരുടെ മർദ്ദനം നേരിട്ടാണ് എ.ഐ.എസ്.എഫ് പ്രവർത്തിക്കുന്നതെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു.

