മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍ എം.പി. പിണറായി വിജയന് ഏറെ കാര്യക്ഷമതയുള്ള നേതാവാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അങ്ങേയറ്റം കാര്യബോധമുള്ള വ്യക്തിയായിട്ടാണ് മനസ്സിലാക്കാനായതെന്നും ശശി തരൂര്‍ പറഞ്ഞു. പിണറായി വിജയന് ഒരു വാക്കു നല്കിയിട്ടുണ്ടെങ്കില് നടന്നുവെന്നാണ് അര്‍ത്ഥം. വലിയ ബഹുമാനമാണ് പിണറായി വിജയനോട് ഉള്ളതെന്നും ശശി തരൂര്‍ പ്രതികരിച്ചു.
അത്യധികം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും ശശി തരൂര്‍ പറഞ്ഞു. ശ്രമിച്ചാല്‍ പോലും തനിക്ക് ഉമ്മന്‍ചാണ്ടിയെ പോലെയാകാന്‍ കഴിയില്ല. മാതൃകാപരമായി കാര്യങ്ങള്‍ ചെയ്യുന്നവരെ ബഹുമാനിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പോലെ ജനങ്ങളുമായി ഇത്രയും ഹൃദയബന്ധമുള്ള മറ്റൊരു നേതാവിനെ കേരളത്തിലെ ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ല.
