സി പി ഐ സംസ്ഥാന സമ്മേളനത്തിന് പിരിവ് നൽകാത്തതിന് അങ്കണവാടി അധ്യാപികയ്ക്ക് ഭീഷണിയെന്ന് പരാതി. കുന്നത്തുകാൽ പഞ്ചായത്തിലെ കാരക്കോണം വാർഡിലെ അങ്കണവാടി അധ്യാപികയെ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതുമായാണ് പരാതി. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് സിപിഐ സംസ്ഥാന സമ്മേളന ഫണ്ട് പിരിവിന് സംഭാവന നൽകാത്തതിന് അധ്യാപികയെ ഭീഷണിപ്പെടുത്തിയത്.
കാരക്കോണത്തെ 37-ാം നമ്പർ അങ്കണവാടിയിൽ ബുധനാഴച 12 മണിയോടെയായിരുന്നു സംഭവം. കുട്ടികളുടെ മുന്നിൽ വച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും പണം ഇപ്പോൾ തരാനില്ലെന്നറിയിച്ചപ്പോൾ സംഘത്തിലുണ്ടായിരുന്നവർ മേശയിൽ അടിച്ച് ബഹളം കൂട്ടിയെന്നും അസഭ്യം പറഞ്ഞെന്നും ഉടൻ പണം കൊടുത്തില്ലെങ്കിൽ ജോലി മതിയാക്കേണ്ടിവരുമെന്ന് ഭീഷണി പ്പെടുത്തിയതായുംഅധ്യാപിക വി.തങ്കം സിഡിപിഒ ക്ക് നൽകിയ പരാതിയിൽ പറയുന്നു. ബഹളം കേട്ട് കുട്ടികൾ കരഞ്ഞപ്പോൾ സമീപ താമസക്കാർ എത്തിയാണ് പിരിവുകാരെ പിന്തിരിപ്പിച്ചതെന്നും അധ്യാപിക പറയുന്നു. പാർട്ടിയിൽ അധ്യാപികയായി നിയമിക്കാൻ വേറെ ആളുണ്ടെന്നും പിരിവുകാർ പറഞ്ഞതായി പറയുന്നു. എന്നാൽ സംഭാവന ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നും മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിരിവിനെത്തിയവർ പറഞ്ഞു.
