തിരുവനന്തപുരം: മൃഗശാലയിൽ ആദ്യമായി മക്കൗ തത്തക്ക് കുഞ്ഞ് പിറന്നു. മൂന്ന് മുട്ടകളാണ് വിരിഞ്ഞത്. 28 ദിവസം അടയിരുന്നശേഷം വിരിഞ്ഞ കുഞ്ഞുങ്ങൾ മൂന്നുമാസത്തിനുശേഷം ഇപ്പോൾ പുറത്തിറങ്ങി. കുഞ്ഞുങ്ങൾ മൂന്നും പൂർണ ആരോഗ്യമുള്ളവയാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു. എന്നാൽ, പറക്കാൻ ഇതുവരെ തുടങ്ങിയിട്ടില്ല. കൂട്ടിലെ കമ്പിയിലും മറ്റും പിടിച്ചിരിക്കുകയാണ്.
ലക്ഷങ്ങൾ വിലയാണ് മക്കൗ തത്തകൾക്ക്. നീല, പച്ച, ഗോൾഡൻ എന്നിവ കലർന്നതാണ് കുഞ്ഞുങ്ങൾക്ക് നിറം. 12 ലക്ഷത്തോളം രൂപക്ക് കൊണ്ടുവന്ന പക്ഷികളിൽ ഉൾപ്പെട്ട മക്കൗ ആണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ 12 വർഷത്തിലധികമായി മൃഗശാലയിലുണ്ടെങ്കിലും കുഞ്ഞുങ്ങൾ പിറന്നിരുന്നില്ല. പുതുതായി നിർമിച്ച വിശാലമായ കൂട്ടിലേക്ക് മാറ്റിയതോടെയാണ് മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങൾ ജനിച്ചത്.
പലനിറത്തിലും ഇനത്തിലുമുള്ള ഒരുഡസനോളം മക്കൗ തത്തകൾ ഇപ്പോൾ മൃഗശാലയിലുണ്ട്. 22 ലക്ഷത്തിന് ഗുജറാത്തിൽ നിന്ന് പുതിയ ഇനം മക്കൗകളെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
പകരം നീർക്കുതിരയെ നൽകിയാണ് ഇവ എത്തിക്കുക.
