തിരുവനന്തപുരം: തലസ്ഥാനത്തു നിറഞ്ഞു നിന്ന പ്രിയങ്കരനായ നേതാവിനെയാണ് നഷ്ടമാകുന്നത്. അവസാനമായി കോടിയേരിയെ ഒരു നോക്ക് കാണാനും തലസ്ഥാനത്തിനു കഴിഞ്ഞില്ല. ചെന്നൈയിൽ നിന്ന് തലശ്ശേരിയിലേക്കാണ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം എത്തിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി ആയിരിക്കുമ്പോൾ തുടങ്ങിയതാണ് കോടിയേരിയും തിരുവനന്തപുരവും തമ്മിലെ ബന്ധം. പിന്നീടങ്ങോട്ട് കണ്ണൂരുള്ളതിനേക്കാൾ കോടിയേരി തിരുവനന്തപുരത്താണ് ഉണ്ടായിരുന്നത്. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തലസ്ഥാനത്തെ സമരമുഖങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നു.
42–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതു മുതൽ കോടിയേരിയുടെ കേന്ദ്രം എകെജി സെന്റർ ആയിരുന്നു. സെന്ററിന്റെ താഴത്തെ നിലയിലായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മുറി. പിന്നീട് പാർട്ടി നേതാക്കൾക്കായി എകെജി ക്വാർട്ടേഴ്സ് പണിതതോടെ കോടിയേരിയും കുടുംബവും അങ്ങോട്ടു മാറി. ആ ക്വാർട്ടേഴ്സിലും നേരെ മുന്നിലുള്ള എകെജി സെന്ററിലും കോടിയേരി മാറി മാറി ഉണ്ടായി. ഇടക്കാലത്ത് മരുതംകുഴിയിൽ മകൻ ബിനീഷ് വാങ്ങിയ ‘കോടിയേരി’ എന്നു തന്നെ പേരുളള വീട്ടിലേക്ക് കോടിയേരി മാറിയെങ്കിലും വൈകാതെ വീണ്ടും എകെജി ക്വാർട്ടേഴ്സിലേക്കു തിരിച്ചെത്തി. ചെന്നൈയിലേക്ക് ഒടുവിൽ ചികിത്സയ്ക്കായി തിരിച്ചതും ആ ക്വാർട്ടേഴ്സിൽ നിന്നു തന്നെയാണ്.
