ആറ്റിങ്ങൽ: 29.83 കിലോമീറ്റർ ദൈർഘ്യത്തിൽ കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാത വികസനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ. 11.150 കി.മി ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപാസ് നിർമിക്കുന്നത് അടക്കമാണ് വികസനം . 795 കോടി രൂപക്ക് ഡൽഹി കേന്ദ്രമായുള്ള ആർ ഡി എസ് പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമാണ കരാർ. രണ്ട് മാസം മുൻപാണ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കരാറെടുത്ത കമ്പനിക്ക് ഏറ്റെടുത്ത സ്ഥലം കൈമാറിയത്. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മരം മുറിക്കലും , സെന്റർ ലൈൻ മാർക്കിങ് , റോഡിന് ഇരുവശവും ഉള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ എന്നിവ പുരോഗമിക്കുന്നു. ട്രാഫിക് സർവേ, ഉപരിതല സർവേ, മണ്ണ് പരിശോധന എന്നിവ പൂർത്തിയായി കഴിഞ്ഞു. നിലവിലെ ദേശീയപാതയെക്കാൾ ശരാശരി ഏഴ് മീറ്റർ ഉയരത്തിലൂടെയാണ് പുതിയ ആറ് വരിപ്പാത കടന്നു പോകുന്നത്. ചിലയിടങ്ങളിൽ 15 മീറ്റർ വരെ ഉയരമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
