തിരുവനന്തപുരം: ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സ്വിഗ്ഗി കമ്പനിക്ക് കീഴിലെ തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. മിനിമം ബേസ് പേ രണ്ട് കിലോമീറ്ററിന് 25 രൂപയാക്കുക, അധികം ഓടുന്ന ഒരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകുക, പ്രതിദിന ഇൻസെന്റീവ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിയ തൊഴിലാളികൾ പട്ടത്തെ സ്വിഗ്ഗി ഓഫീസിന് മുന്നിൽ ധർണ നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ലൈനസ് റൊസാരിയോ, വി അനൂപ്, കെ വി അമീർ, വി എസ് അജിൻ എന്നിവർ സംസാരിച്ചു. പണിമുടക്കിനെ തുടർന്ന് ചൊവ്വാഴ്ച സമര സമിതി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. ഉച്ചക്ക് 2.30ന് ജില്ലാ ലേബർ കമീഷണറുടെ നേതൃത്വത്തിലാണ് ചർച്ച.
Contents
