തിരുവനന്തപുരം: ആദ്യ മത്സരങ്ങൾ മുതൽ തുടങ്ങിയ കുതിപ്പിൽ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി അരുവിക്കര മൈലം ജി.വി.രാജ സ്പോർട്സ് സ്കൂൾ ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പ് കിരീടം ചൂടി. 378 പോയിന്റുമായാണ് ഓവറോൾ ചാംപ്യൻപട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ വെള്ളായണി ശ്രീ അയ്യങ്കാളി സ്മാരക ഗവ.സ്പോർട്സ് സ്കൂൾ 172 പോയിന്റുമായി റണ്ണേഴ്സ് അപ്പായി. 96 പോയിന്റു നേടിയ കേരള യൂണിവേഴ്സിറ്റി സ്പോർട്സ് ഹോസ്റ്റൽ ആണ് മൂന്നാം സ്ഥാനത്ത്.
പുരുഷ, വനിത, അണ്ടർ 20 പെൺകുട്ടികൾ എന്നീ വിഭാഗത്തിൽ ഒഴികെ മറ്റു വിഭാഗങ്ങളിലെല്ലാം ഒന്നാം സ്ഥാനം ജി.വി.രാജ സ്കൂളിനാണ്. വനിത വിഭാഗത്തിലും അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിലും കേരള യൂണിവേഴ്സിറ്റി സ്പോർട്സ് ഹോസ്റ്റലും പുരുഷ വിഭാഗത്തിൽ കാഞ്ഞിരംകുളം പികെഎച്ച്എസ്എസും ആണ് ഒന്നാം സ്ഥാനത്ത്. മീറ്റിൽ ആകെ 11 മീറ്റ് റെക്കോർഡുകൾ ആണ് തിരുത്തിക്കുറിക്കപ്പെട്ടത്. ഇന്നലെ 2 റെക്കോർഡുകൾ പിറന്നു. ജേതാക്കൾക്ക് വി.കെ.പ്രശാന്ത് എംഎൽഎ ട്രോഫികൾ സമ്മാനിച്ചു.
