പാലോട്: മഴയെ തുടർന്ന് തിരുവനന്തപുരം – നെടുമങ്ങാട് റോഡിലെ ഇളവട്ടം വീണ്ടും വെള്ളത്തിനടിയിലായി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡ് വശത്തെ വീടുകളിലേക്കും വെള്ളം കയറി. ചെറു മഴയത്തു പോലും ഇവിടെ വെള്ളപ്പൊക്കം ഉണ്ടാകുന്നത് സംബന്ധിച്ച നിരന്തര വാർത്തകളെ തുടർന്ന് റോഡ് ഉയർത്തിയുള്ള കലുങ്കിന്റെ നിർമാണം ആരംഭിച്ചിട്ട് മാസങ്ങളായി. എന്നാൽ പണി ഇഴഞ്ഞാണ് നീങ്ങുന്നത്. ഇന്നലെയും ഇവിടെ കനത്ത വെള്ളപ്പൊക്കമുണ്ടായി. രണ്ടു ദിവസമായി തുടരുന്ന മലയോര മേഖലയിലെ കനത്ത മഴ ജന ജീവിതത്തെ ദുസ്സഹമാക്കി പാലോട് മേഖലയിലെ പ്രധാന റോഡുകളും താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. പാലോട് പെരിങ്ങമ്മല റോഡിൽ പഞ്ചായത്ത് ജംക്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു. കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ പല വീടുകളിലും വൈദ്യുതി ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.

Posted inThiruvananthapuram
