നെടുമങ്ങാട്: കെഎസ്എഫ്ഇ ഓഫിസിലെ ഇരുമ്പ് ലോക്കർ ഡോർ ഇളക്കുന്ന പണിക്കിടെ ഒരു സംഘം ചുമട്ട് തൊഴിലാളികൾ നോക്കുകൂലി വാങ്ങുകയും മണിക്കൂറുകൾ പണി തടസ്സപ്പെടുത്തുകയും ചെയ്തെന്ന് പരാതി. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് അംഗീകൃത കരാറുകാരൻ ജില്ലാ ലേബർ ഓഫിസർക്ക് പരാതി നൽകി. നോക്കുകൂലിയായി കൊടുത്ത തുക തിരികെ ലഭിക്കണമെന്നും ആവശ്യമുന്നയിച്ചു. പനവൂരിൽ പ്രവർത്തിച്ചിരുന്ന കെഎസ്എഫ്ഇ ഓഫിസ് പേയാട്ടേക്ക് മാറ്റുന്നതിന്റെ ഭാഗമായി ലോക്കർ ഡോർ ഇളക്കാൻ ചൊവ്വാഴ്ച ഖലാസികളെത്തിയപ്പോഴാണ് നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾ പണി തടസ്സപ്പെടുത്തിയത്. പണി തുടങ്ങിയപ്പോൾ തന്നെ എഐടിയുസിയിൽപെട്ട ഹെഡ്ലോഡ് തൊഴിലാളികൾ എത്തി പണി തടയുകയും നോക്കുകൂലിയായി 12000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് ലേബർ ഓഫിസറെയും നെടുമങ്ങാട് പൊലീസിനെയും വിവരം അറിയിച്ചിട്ടും ഇവർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ തയാറാകാത്തതിനാൽ ഗത്യന്തരം ഇല്ലാതെ 3000 രൂപ നോക്കുകൂലിയായി കൊടുക്കേണ്ടി വരികയായിരുന്നു. ഈ തുകയ്ക്ക് രസീത് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
