കിളിമാനൂർ: എംസി റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്. പരുക്കേറ്റ ബസ് ഡ്രൈവർ അരുൺ (36) വട്ടത്താമര ഈട്ടിമൂട് , കണ്ടക്ടർ അദർശ്(24) വെള്ളല്ലൂർ, കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം ചിങ്ങവനം സ്വദേശികളായ അനന്തു, മഹേഷ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്കും പരുക്കേറ്റു. ഇന്നലെ 3.15ന് ആയിരുന്നു അപകടം.കിളിമാനൂരിൽ നിന്നും കല്ലറയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും, തിരുവനന്തപുരത്ത് നിന്നും കോട്ടയത്തിനു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാർ ബസിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എംസി റോഡിൽ തന്നെ ഇന്നലെ 2 അപകടങ്ങൾ കൂടിയുണ്ടായി. കിളിമാനൂർ പാപ്പാലയിൽ ഇന്നലെ 3.30ന് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റതാണ് ഒരു അപകടം. തട്ടത്തുമല വാഴോട്ട് 3 മണിക്ക് 3 വാഹനങ്ങൾ കൂട്ടിയിടിച്ചു.
