ബാലരാമപുരം: കാട്ടാക്കട മണ്ഡലം സമ്പൂർണ മാലിന്യ മുക്ത നിയോജക മണ്ഡലമായി. ഇതിന്റെ പ്രഖ്യാപനം ജോൺ ബ്രിട്ടാസ് എംപി നിർവഹിച്ചു. കഴിഞ്ഞ ഒരു മാസം മണ്ഡലത്തിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിൽ നടത്തിയ ‘മാലിന്യമുക്തം എന്റെ കാട്ടാക്കട’ ക്യാംപെയിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഇതിൽ ഒന്നാം സ്ഥാനം നേടിയ വിളവൂർക്കൽ ഗ്രാമപ്പഞ്ചായത്തിന് അദ്ദേഹം പുരസ്കാരം സമ്മാനിച്ചു. ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഹരിത കർമസേന അംഗങ്ങളേയും ആദരിച്ചു. ശേഖരിച്ച മാലിന്യങ്ങൾക്കുള്ള പ്രതിഫലത്തുക ക്ലീൻ കേരള കമ്പനിയിൽ നിന്ന് ഐ.ബി.സതീഷ് എംഎൽഎ ഏറ്റുവാങ്ങി.മാലിന്യ ശേഖരണത്തിനായി മണ്ഡലത്തിലെ 6 ഗ്രാമപ്പഞ്ചായത്തുകളിലെയും ഹരിതകർമസേനകൾക്കു ഇലക്ട്രിക് വാഹനങ്ങളും കൈമാറി. 72 ടൺ മാലിന്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തത്. തദ്ദേശ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കർമ സേന എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.ഇനിമുതൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും കൃത്യമായ കലണ്ടർ തയാറാക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു.
