തിരുവനന്തപുരം: നിർഭയ ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കണ്ണമ്മൂല സ്വദേശി വിഷ്ണുവിനെയും (33), വിഷ്ണുവിനെ സഹായിച്ച മെഡി. കോളേജ് സമീപത്തെ ലോഡ്ജ് മാനേജർ കടകംപള്ളി അണമുഖം കാവുവിള വീട്ടിൽ ബിനു (32) എന്നിവരെയാണ് മെഡി. കോളേജ് സിഐ ഹരിലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. പോക്സോ കേസിൽ ഇരയായി പൂജപ്പുര നിർഭയ ഹോമിലെത്തിയ രണ്ട് കുട്ടികളെ വെള്ളിയാഴ്ച വൈകിട്ട് കാണാതായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അതിനിടെ, ഇൻസ്റ്റഗ്രാമിൽ ഇവർ വീഡിയോ പോസ്റ്റ് ചെയ്തു. ഇത് കണ്ട പൊലീസ് ഇവരെത്തേടി കവടിയാറിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പം ഇവർ മെഡി. കോളേജ് പരിസരത്ത് ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കവടിയാറിൽനിന്ന് ഇയാൾക്കൊപ്പമാണ് പെൺകുട്ടികൾ മെഡി. കോളേജ് പരിസരത്ത് എത്തിയത്. അതിനിടെ ബൈക്കിലെത്തിയ വിഷ്ണു ഷാഡോ പൊലീസാണെന്ന് പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. തുടർന്ന് പെൺകുട്ടിളെ സമീപത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടികൾക്കായുള്ള അന്വേഷണത്തിനിടെ ഈ ലോഡ്ജിലും പൊലീസ് അന്വേഷിച്ചിരുന്നു. രണ്ട് പെൺകുട്ടികൾ അവിടെ എത്തിയില്ല എന്നായിരുന്നു ലോഡ്ജ് മാനേജരായ ബിനു നൽകിയ മൊഴി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണ് ഇയാളും കേസിൽ പ്രതിയായത്. പ്രതികൾക്കെതിരെ പോക്സോ പ്രകാരമുള്ള വകുപ്പുകളനുസരിച്ചാണ് കേസ്. തട്ടിക്കൊണ്ടുപോകലടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
