ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷവും തങ്ങളുടെ ഫുട്ബോൾ കരുത്തിന് ഒരു ഇടിവും സംഭവിക്കില്ലെന്ന് വ്യക്തമാക്കി പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലണ്ടിനെ തകർത്ത് പോർച്ചുഗലിൻെറ പടയോട്ടം. ഒന്നിനെതിരെ 6 ഗോളുകൾക്കാണ് പോർച്ചുഗലിൻെറ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി കളിച്ച ടീമിനായി 21കാരനായ ഗോൺസാലോ റാമോസ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻേറാസ് ധീരമായ തീരുമാനം എടുത്താണ് തൻെറ ടീമിനെ പ്രീ ക്വാർട്ടർ മത്സരത്തിനായി ഇറക്കി വിട്ടത്.സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയിട്ടുള്ള കളി അത്ര ഗുണകരമാവുമോയെന്ന് ആരാധകരും സംശയിച്ചു. എന്നാൽ വൈകാതെ തന്നെ അതിനുള്ള മറുപടി പോർച്ചുഗലിൻെറ യുവനിര നൽകിത്തുടങ്ങി. ഖത്തർ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് റാമോസിൻെറ കാലുകളിൽ നിന്ന് പിറന്നു. റൊണാൾഡോക്ക് ഇതാ ഒരു പിൻഗാമിയെന്ന് വിളിച്ചോതുന്ന താരത്തിൻെറ പ്രകടനമാണ് പിന്നീട് നടന്നത്. 17ാം മിനിറ്റിലാണ് മുൻ യൂറോ ചാമ്പ്യൻമാർ ലീഡെടുത്തത്.
