തിരുവനന്തപുരം: എസ്.സി.ഇ.ആർ.ടി വഴി നടത്തുന്ന അദ്ധ്യാപക പരിശീലനങ്ങൾ രാത്രികാലങ്ങളിലാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.നവാഗതർക്ക് പരിശീലനങ്ങൾ നൽകുന്നത് ആദ്യമായിട്ടല്ല. നടത്തിയിട്ടുള്ള പരിശീലനങ്ങൾക്കെല്ലാം മുൻകാലങ്ങളിലും സർട്ടിഫിക്കേറ്റുകളും നൽകിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ഇടയ്ക്കിടെ SCERT യുടെ മൊഡ്യൂൾ പ്രകാരം ഡയറ്റുകളിൽ വച്ച് പരിശീലനങ്ങൾ നൽകി വരുന്നുണ്ട്. ഇത്രയും കാലം ഇതൊന്നും രാത്രികാലങ്ങളിലായിരുന്നില്ല. പകൽ സമയങ്ങളിൽ ഭംഗിയായി നടത്താൻ കഴിയുന്ന പരിശീലനം രാത്രികാലങ്ങളിലേയ്ക്ക് കൂടി നീട്ടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.പൊതു വിദ്യാഭ്യാസ മേഖലയിൽ എൺപത് ശതമാനത്തിലധികം വരുന്ന അദ്ധ്യാപികമാർക്ക് ഈ പുതിയ തീരുമാനം വലിയ പ്രയാസമുണ്ടാക്കും.എസ്.സി.ഇ.ആർ.ടി. ഏകപക്ഷീയമായി എടുക്കുന്ന ഇത്തരം നിലപാടുകളോട് അദ്ധ്യാപകർ സഹകരിക്കില്ല.നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വില കല്പിക്കാതെ ,പരിശീലനം കഴിഞ്ഞു ലഭിച്ച സർട്ടിഫിക്കേറ്റ് കാണിച്ചാലെ സർവിസ് ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു എന്ന രീതിയിൽ പ്രചാരണം നടത്തി അദ്ധ്യാപികമാരെ റസിഡൻഷ്യൽ കോഴ്സുകളിൽ നിർബ്ബന്ധിതമായി എത്തിക്കുവാനുള്ള നീക്കമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അദ്ധ്യാപക സംഘടനകളുടെ ആത്മാർത്ഥമായ ഇടപെടലുകളുടെ കൂടി ഫലമാണ് കേരളത്തിലെ വിദ്യാഭ്യാസ മികവ്.എന്നാൽ പരിശീലന കാര്യങ്ങൾ സംബന്ധിച്ച ഒരു കൂടിയാലോചനയും ഒരു കേന്ദ്രത്തിൽ നിന്നും ഉണ്ടായിട്ടില്ല. ഇത് തികച്ചും പ്രതിഷേധാർഹമാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ, വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളാൽ മനസ്സമാധാനം നഷ്ടമായിക്കൊണ്ടിരിക്കുന്ന അദ്ധ്യാപക സമൂഹത്തിന്റെ വികാരം കൂടി മനസ്സിലാക്കി തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും പരിശീലന സമയ ക്രമത്തിൽ മാറ്റം വരുത്തി ദിവസങ്ങൾ കൂട്ടിയായാലും പകൽ സമയത്ത് പരിശീലനം നടത്താൻ തയ്യാറാകണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ട്രഷറർ വട്ടപ്പാറ അനിൽകുമാർ സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൾ മജീദ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷാജു, സംസ്ഥാന ഭാരവാഹികളായ എൻ.ശ്യാംകുമാർ, ടി.എ. ഷാഹിദ റഹ്മാൻ , കെ.രമേശൻ , വി. എം.ഫിലിപ്പച്ചൻ , പി.വി.ഷാജിമോൻ , എൻ. ജയപ്രകാശ്, എൻ. രാജ്മോഹൻ ,ബി.ബിജു, ബി.സുനിൽകുമാർ , വി.ഡി. അബ്രഹാം, വി. മണികണ്ഠൻ, കെ.സുരേഷ്, അനിൽ വെഞ്ഞാറമ്മൂട്, ടി.യു.സാദത്ത്, ജി.കെ.ഗിരിജ, പി.വി. ജ്യോതി എന്നിവർ സംസാരിച്ചു.
