നെയ്യാറ്റിൻകര: ഒറ്റയ്ക്കു താമസിക്കുന്ന അൻപതിയെട്ടുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി, കാരോട് അയിര ചെങ്കവിള വാറുവിളാകത്തു വീട്ടിൽ രജ്ഞിത്ത് (28) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കവിത ഗംഗാധരൻ, ശിക്ഷ ഇന്ന് വിധിക്കും.2016ൽ ആണ് സംഭവം. രാത്രി വീടിന്റെ പിൻ വാതിൽ തകർത്ത് അകത്തു കയറിയ പ്രതി, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി വയ്ക്കുകയും ആ സമയത്ത് അതിജീവിതയുടെ പല്ലുകൾ ഇളകിപ്പോവുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം അയൽവീട്ടിൽ അഭയം തേടിയ അൻപത്തിയെട്ടുകാരിയെ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. അയൽക്കാർ തന്നെയാണ് കേസിലെ പ്രധാന സാക്ഷികൾ.രഞ്ജിത്തിനെതിരെ പൊഴിയൂർ, പാറശാല തുടങ്ങി ഒട്ടേറെ സ്റ്റേഷനുകളിൽ കേസുണ്ട്. ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. പൊഴിയൂർ എസ്ഐ ആയിരുന്ന കെ.സുധീർ റജിസ്റ്റർ ചെയ്ത കേസിൽ, പാറശാല സിഐ: ഷാജിമോൻ ജോസഫ് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത്ത് തങ്കയ്യ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിന്ദു കുമാരി പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.
