വിതുര: കലുങ്ക് ജംക്ഷനിലെയും ചന്തമുക്കിലെയും ട്രാഫിക് പ്രശ്നത്തിനു പരിഹാരമില്ല. എത്രത്തോളം പരാതികൾ ഉയർന്നിട്ടും പ്രശ്നങ്ങൾ പൂർണ തോതിൽ പരിഹരിക്കപ്പെട്ടില്ല എന്നതാണു നിരാശാജനകം. കലുങ്ക് ജംക്ഷനിൽ നിന്നും പാലോട് റൂട്ടിലേക്കും നെടുമങ്ങാട് റൂട്ടിലേക്കും പൊന്മുടി റൂട്ടിലേക്കും റോഡിന്റെ ഇരുവശത്തു ട്രാഫിക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ ആണു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നെടുമങ്ങാട്, ആര്യനാട് ഭാഗത്തേക്കുള്ള യാത്രക്കാർക്കായുള്ള ബസ് ഷെൽട്ടർ സ്ഥിതി ചെയ്യുന്ന ഇൻഡ്യൻ ബാങ്ക് എടിഎം കൗണ്ടറിനു മുന്നിലുള്ള ഭാഗത്താണു ഏറ്റവും വലിയ വീർപ്പു മുട്ടൽ.ചില വാഹനങ്ങൾ റോഡിൽ കയറ്റി തോന്നിയതു പോലെയാണു പലരും പാർക്ക് ചെയ്യുന്നത്. ബസ് ഷെൽട്ടറിന്റെ എതിർ വശത്തെ റോഡിനോടു ചേർന്നാണു പാർക്കിങ്. ഇക്കാരണത്താൽ കാൽനട യാത്രക്കാർക്കു പലപ്പോഴും റോഡിലൂടെ കയറി നടക്കേണ്ടതായി വരുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഉള്ളവ പാർക്ക് ചെയ്യാൻ വിതുര– നെടുമങ്ങാട് റൂട്ടിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ വാഹന ഉടമകൾ അതു ശ്രദ്ധിക്കുന്നേയില്ല.ചന്തമുക്കിൽ ആണെങ്കിൽ പകൽ വലിയ ട്രാഫിക് കുരുക്ക് തന്നെയാണ്. വഴിയോര വാണിഭം കൂടി നടക്കുന്നതിനാൽ അവിടെയും ബുദ്ധിമുട്ട് തന്നെ. പല കടകളിലേക്കും കടക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പ്രശ്നമാണ്.ട്രാഫിക് പ്രശ്നങ്ങളുടെ പേരിൽ പരാതി പതിവായിട്ടും നാളിതു വരെ പൊലീസ് അതൊന്നും ഗൗനിക്കുന്നില്ല എന്നതു പ്രതിഷേധത്തിനു വഴി വച്ചിട്ടുണ്ട്. സ്ഥാപനം നടത്തിപ്പുകാരും വ്യാപാരികളും ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടും കുലുക്കം ഇല്ല.
