കളിയിക്കാവിള: വ്യാജ മേൽവിലാസം നൽകി ഓൺലൈനിലൂടെ ഓർഡർ ചെയ്ത മൊബൈൽ ഫോണുകൾ, ക്യാമറ എന്നിവ പണം നൽകാതെ തട്ടിയെടുത്ത സംഭവത്തിൽ 2 യുവാക്കളെ പൊലീസ് പിടികൂടി. തിരുവനന്തപുരം അരുവിക്കര സ്വദേശി കളായ അഖിൽ കൃഷ്ണ (22), അമിത്കുമാർ (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മാർത്താണ്ഡത്തുള്ള ഒരു കുറിയർ സ്ഥാപനത്തിൽ കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു മേൽവിലാസത്തിൽ 3 മൊബൈൽ ഫോണുകൾ, ഒരു ക്യാമറ എന്നിവയടങ്ങിയ പാഴ്സൽ എത്തിയത്.തുടർന്ന് മൊബൈൽ ഫോണിൽ മേൽവിലാസക്കാരനുമായി ബന്ധപ്പെട്ട ജീവനക്കാരൻ അതിൽ കൊടുത്തിട്ടുള്ള വിലാസത്തിൽ എത്താൻ ആവശ്യപ്പെടുകയുണ്ടായി. പാഴ്സലുമായി എത്തിയ ജീവനക്കാരൻ അവിടെയെത്തിയ 2 യുവാക്കൾക്ക് പാഴ്സൽ കൈമാറി യശേഷം പണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും പണം നൽകാതെ പാഴ്സലുമായി ബൈക്കിൽ കടന്നു കളഞ്ഞു. കുറിയർ ജിവനക്കാരന്റെ പരാതിയെത്തുടർന്ന് കേസെടുത്ത കളിയിക്കാവിള പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടാനായത്. ഇവരുടെ പക്കൽ നിന്ന് ക്യാമറയും, 1,10,000 രൂപയും പൊലീസ് കണ്ടെടുത്തു. .
