പാറശാല: ചെക്പോസ്റ്റിൽ നടന്ന പരിശോധനയ്ക്കിടയിൽ അമിത ലോഡുമായെത്തിയ ഏഴ് ലോറികൾ വിജിലൻസ് പിടികൂടി ഒന്നേകാൽ ലക്ഷം രൂപ പിഴയിട്ടു. മോട്ടർ വാഹന വകുപ്പ് ആറ്റുപുറം ചെക്പോസ്റ്റിൽ ഇന്നലെ രാവിലെ ആണ് നാടകീയ സംഭവങ്ങൾ. ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന നടക്കുമ്പോൾ ലോഡുമായെത്തിയ ലോറികളിലെ ഡ്രൈവർമാർ എഎംവിക്കു മുന്നിൽ ഹാജരാക്കിയ ആർസി ബുക്കിനൊപ്പം നോട്ടുകൾ കണ്ടതോടെയാണ് അന്വേഷണം ലോറികളിലേക്കു നീണ്ടത്.നോട്ടുകളെ കുറിച്ച് വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് അമിത ലോഡ് ഉള്ളതിനാൽ പിഴ ഒഴിവാക്കാനുള്ള പടി എന്നായിരുന്നു ഡ്രൈവർമാരുടെ മറുപടി. വാഹന ശേഷിയുടെ അധികം വരുന്ന ഒരു ടണ്ണിനു 2000 രൂപ വീതം ആണ് പിഴ തുക. പിഴ ഒഴിവാക്കാൻ നിശ്ചിത തുക ചെക്പോസ്റ്റിൽ പടിയായി നൽകുന്നത് പതിവാണെന്ന് ഡ്രൈവർമാർ വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഇതോടെ അമിത ലോഡ് കയറ്റി എത്തിയ ഏഴ് ലോറികൾ നെയ്യാറ്റിൻകരയിൽ എത്തിച്ച് ഭാര പരിശോധന നടത്തി പിഴ ഇൗടാക്കി. ആർസി ബുക്കിൽ രേഖപ്പെടുത്തിയതിൽ കൂടുതൽ കൂടുതൽ സീറ്റ് ഘടിപ്പിച്ച തമിഴ്നാട്ടിൽ നിന്നെത്തിയ മിനി ബസിനും പിഴ ചുമത്തി. ആറ്റുപുറം ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന ഒരു എഎംവി കൈക്കൂലി ഇനത്തിൽ വൻ തുക സമാഹരിക്കുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയെ തുടർന്നാണ് റെയ്ഡ് നടന്നത്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഒന്ന് എസ്പി റെജി ജേക്കബ്, ഡിവൈഎസ്പി ശ്യാംകുമാർ എന്നിവരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ.വി അഭിലാഷ്, എഎസ്ഐ ഹരിലാൽ, സിപിഒ ആർ.അനിൽകുമാർ, ഷിബു, അനു, വിനയകുമാർ, സ്റ്റാലിൻ, വി.അനിൽകുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
