പോത്തൻകോട്: പള്ളിപ്പുറം സിആർപി ക്യാംപിനു സമീപം ദാറുൽ ഷിഫയിൽ ഫമിൽ ( 43 )നെ വഴിയിലിട്ടു മർദിച്ച് ഗുരുതര പരുക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ആറംഗ സംഘം ആറ്റിങ്ങൽ കോടതിയിൽ കീഴടങ്ങി. പ്രതികളായ വാവറയമ്പലം മണ്ഡപക്കുന്ന് എടി മൻസിലിൽ എ. അൻവർ ( 37 ), പറമ്പിൽപ്പാലം എഎ മൻസിലിൽ എ. അനീഷ് (36 ), പറമ്പിൽപ്പാലം പാച്ചിറ കളിവിളാകത്തുവീട്ടിൽ മുഹമ്മദ്ഇസഹാക്ക് ( 27 ), അണ്ടൂർക്കോണം മേലേവിള പുത്തൻവീട്ടിൽ എം. മുഹമ്മദ് ഷമീം ( 30 ), പാച്ചിറ റഫീഖ് മൻസിലിൽ റഫീഖ് ( 32 ), കളിവിളാകത്തുവീട്ടിൽ ഷാനവാസ് ( 53) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.കഴിഞ്ഞ മാസം 25ന് രാത്രി 10.30തോടെ അണ്ടൂർക്കോണം പറമ്പിൽപ്പാലത്ത് കടയുടെ മുന്നിൽ ഫമിൽ കിടക്കവെയാണ് ഇവർ സംഘം ചേർന്ന് മർദിച്ചത്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റ് ഗുരുതരാവസ്ഥയിലാണ് ഫമിലിനെ പൊലീസ് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയയും വേണ്ടി വന്നു. സംഭവത്തിനു രണ്ടു ദിവസം മുൻപ് വൈകിട്ട് ഫമിൽ അണ്ടൂർക്കോണം പറമ്പിൽപ്പാലം എസ്എസ് മൻസിലിൽ ഷമീറിന്റെ വീട്ടിലെത്തി മാതാവ് ലൈലാ ബീവിയെ അസഭ്യം പറഞ്ഞെന്നു പരാതിയുണ്ട്. ഷമീറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ആക്രമണം.
