വർക്കല. പറമ്പ് വൃത്തിയാക്കി തീ ഇടുന്നതിനിടെഗുരുതരമായി പൊള്ളലേറ്റ വൃദ്ധൻ മരണപ്പെട്ടു.
വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരാണ് (74) പൊള്ളലേറ്റ് മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ പുന്നമൂടിനു സമീപം പുരയിടത്തിൽ തീ പടരുന്നതായി നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ചാണ് അഗ്നിശമനസേന എത്തിയത്. തീ കെടുത്തുന്നതിനിടയിലാണ് ഫയർമാൻ വിഷ്ണു പുരയിടത്തിലെ മാവിന്റെ ചുവട്ടിൽ തന്റെ പിതാവ് വിക്രമൻ നായരെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. മുഖവും കാലും ഉൾപ്പെടെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടൻ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് എത്തിച്ചു. പക്ഷെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റ വിക്രമൻ നായർ രാത്രി എട്ട് മണിയോടെ മരണപ്പെട്ടു.
ഇദ്ദേഹം രാവിലെ പുരയിടം ഭാഗം വൃത്തിയാക്കി തീ ഇടുകയായിരുന്നു. ഇതിനിടെ . റോഡരികിൽ കൂട്ടിയിട്ട പുല്ലിൽ തീ ഇടുകയും ഇത് പുരയിടത്തിലെ പുല്ലിലേക്ക് പടരുകയുമായിരുന്നു. ഇതിൽ അകപ്പെട്ട താകാമെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം.
