കഴക്കൂട്ടം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്, പരസ്റാം നഗർ, ധരം ശാലയിൽ നാഷനൽ കോളനി,സ്ടീറ്റ് നമ്പർ 2ൽ ഗഗൻദീപ് സിംഗി (39) നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശങ്ങളിൽ ജോലി തരപ്പെടുത്തിതരാമെന്ന് സമൂഹ മാധ്യമങ്ങൾ വഴി പരസ്യങ്ങൾ നൽകിയാണ് ഇയാളും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നത്.ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട മേനംകുളം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പരസ്യങ്ങൾ കണ്ട് ജോലിക്കായി ബന്ധപ്പെടുന്നവരെ, വ്യാജ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അയച്ചുകൊടുത്ത് വിശ്വാസത്തിലെടുക്കും.തുടർന്ന് അറ്റസ്റ്റേഷൻ പേയ്മെന്റ് ജോബ് ഓഫർ ലെറ്റർ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു പണം ആവശ്യപ്പെടും. തുടർന്നും കാനഡ എംബസിയുടെത് എന്ന പേരിൽ വ്യാജമായി തയാറാക്കിയ എമർജൻസി നിയമനവും മറ്റു രേഖകളും അയച്ച് കൊടുക്കും. പല തവണകളായി 23 ലക്ഷം രൂപയോളം രൂപ യുവതിയിൽ നിന്ന് തട്ടിയെടുത്തു എന്നാണ് പരാതി. കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീൺ, എസ്ഐ തുളസീധരൻ നായർ, സിപിഒ മാരായ ബൈജു, സജാദ്,റെജി, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
