തിരുവനന്തപുരം: പട്ടാപ്പകൽ സെക്രട്ടേറിയറ്റിന് സമീപം സ്ത്രീക്കുനേരെ അതിക്രമം. പ്രതിയെ കൈയോടെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച് സ്ത്രീ പുറത്തേക്കിറങ്ങുന്നതിനിടെയായിരുന്നു സംഭവം.സ്ഥാപനത്തിലേക്ക് കയറിപ്പോയയാളാണ് സ്ത്രീയെ അപമാനിച്ചത്. ഏറെ സുരക്ഷാസംവിധാനങ്ങളും പൊലീസ് സന്നാഹവുമുള്ള സെക്രട്ടേറിയറ്റിന് മുൻവശമായിരുന്നു സംഭവമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് മിനിറ്റുകൾക്കുള്ളിൽ കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി. എസ്.ഐ ദിൽജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.ശാസ്തമംഗലം ശ്രീനിവാസ് സി.എസ്.എം നഗർ 223 ടി.സി. 15/343 ൽ ബി.എസ്. സജുമോനാണ് (39) പിടിയിലായത്. ഇയാൾ പലപ്പോഴും സ്ത്രീകളോടടക്കം മോശമായാണ് പെരുമാറുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലും ഇടക്കിടക്ക് ഇയാൾ വരാറുണ്ടെന്നും അവർ പറഞ്ഞു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
