ചെന്നൈ: ഐപിഎല്ലില്‍ ചെപ്പോക്കിലേക്കുള്ള മടങ്ങിവരവ് രാജകീയമാക്കി എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. എം എ ചിദംബരം സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ‘തല’ ഫാന്‍സിനെ സാക്ഷിയാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 12 റണ്‍സിന് സിഎസ്കെ തോല്പിച്ചു. 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗവിന് 20 ഓവറില്‍ 7 വിക്കറ്റിന് 205 റണ്‍സെടുക്കാനേയായുള്ളൂ. നാല് ഓവറില്‍ 26 റണ്‍സിന് 4 വിക്കറ്റുമായി സ്പിന്നർ മൊയീന്‍ അലിയാണ് ചെന്നൈയുടെ ജയത്തില്‍ നിർണായകമായത്. തുഷാർ ദേശ്പാണ്ഡെ രണ്ടും മിച്ചല്‍ സാന്റ്നർ ഒന്നും വിക്കറ്റ് നേടി.മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അതേ നാണയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മറുപടി കൊടുക്കുന്നതാണ് കണ്ടത്. ആദ്യ ഓവറിലെ അടി തുടങ്ങിയ കെയ്ല്‍ മയേഴ്സും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 79 റണ്‍സ് ചേര്‍ത്തു. പേസര്‍മാര്‍ അടിവാങ്ങി മടുത്തതോടെ സ്പിന്നര്‍മാരെ ഇറക്കിയാണ് ധോണി ബ്രേക്ക് ത്രൂ കണ്ടെത്തിയത്. കൂടുതല്‍ അപകടകാരിയായ മയേഴ്സ് 21 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണ് മയേഴ്സിന്റേത്. എന്നാല്‍ മയേഴ്സ് ഇതേ ഓവറില്‍ തന്നെ മൊയീന്‍ അലിയുടെ പന്തില്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്കി മടങ്ങി. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 80-1 എന്ന ശക്തമായ സ്കോറുണ്ടായിരുന്നു ലഖ്നൗവിന്.

Posted inSports
