തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. മണക്കാട് കാലടി സ്വദേശിനിയിൽ നിന്നു 3 ലക്ഷം രൂപയും കൈമനം സ്വദേശിനിയിൽ നിന്നു 3.5 ലക്ഷം രൂപയും നേമം സ്വദേശിനിയിൽ നിന്നു 3 ലക്ഷം രൂപയും തട്ടി. മണക്കാട് കാലടി സ്വദേശി ശശിധരൻ, രാധ, നിഷ, ദിലീപ് എന്നിവർക്കെതിരെ കേസെടുത്തു. മണക്കാട് സ്വദേശിനിയുടെ പരാതിയിൽ ഫോർട്ട് പൊലീസും കൈമനം സ്വദേശിനിയുടെ പരാതിയിൽ കരമന പൊലീസും കേസ് എടുത്ത് അന്വേഷണം തുടങ്ങി. മണക്കാട് സ്വദേശിയുടെ വീടിനടുത്തു താമസിച്ചിരുന്ന ശശിധരനും ഭാര്യ രാധയും സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ ക്ലാർക്ക് ആയി ജോലി ശരിയാക്കി നൽകാമെന്നു വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഫോണിലൂടെ നിഷയെ പരിചയപ്പെടുത്തി .ഇവർ സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയാണെന്നാണു പറഞ്ഞത്.കടം വാങ്ങിയും സ്വർണം വിറ്റുമാണ് 3 ലക്ഷം കൊടുത്തത്. 3 മാസത്തിനകം ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ശശിധരനെ സമീപിച്ചപ്പോൾ കൈമലർത്തുകയായിരുന്നു. സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റായി ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞാണ് കൈമനം സ്വദേശിനിയിൽ നിന്നു പണം തട്ടിയത്. യുവതിയുടെ അച്ഛനാണ് കേസിലെ പരാതിക്കാരൻ. നേമം സ്വദേശി ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും ഇവർ 25ന് അകം പരാതി നൽകുമെന്ന് അറിയിച്ചെന്നും പൊലീസ് പറഞ്ഞു.
