നെടുമങ്ങാട്: ആനാട് നാഗച്ചേരി കല്ലടക്കുന്ന് പാറയിൽ വീട്ടിൽ രവിയുടെ മകൻ രതീഷ്(40)നെ ശനിയാഴ്ച രാത്രി 9.30 ഓടെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 6 പേർ അറസ്റ്റിൽ. ചുള്ളിമാനൂർ കരിങ്കട വി.വി.ഹൗസിൽ സുരേഷ് കുമാർ മകൻ വിനീത് (38), ആനാട് നാഗച്ചേരി കല്ലടക്കുന്ന് തടത്തരികത്ത് വീട്ടിൽ മണി മകൻ മിഥുൻ (32), പനയമുട്ടം റോഡരികത്ത് വീട്ടിൽ ദിലീപ് മകൻ റിയാസ് (26), ആനാട് നാഗച്ചേരി അഖിൽ ഭവനിൽ തങ്കരാജ് മകൻ അതുൽരാജ് (25),പനവൂർ മൊട്ടക്കാവ് ചാവറക്കോണം നിസാം മൻസിലിൽ അബ്ദുൽ അസീസ് മകൻ നിസാമുദ്ധീൻ (35), പനവൂർ പുനവക്കുന്ന് വട്ടറതല അയണിക്കാട് വീട്ടിൽ ബാലചന്ദ്രൻ മകൻ കിരൺ (36) എന്നിവരെയാണ് നെടുമങ്ങാട് സിഐ എസ്.സതീഷ്കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുൻപ് ആനാട് ടർഫിൽ രതീഷും വിനീതും തമ്മിൽ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യമാണ് വിനീതും സുഹൃത്തുക്കളായ മറ്റ് 5 പേരും ചേർന്ന് രതീഷിനെ കമ്പിപ്പാരയും വടിവാളും ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ രതീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി രതീഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കാറിൽ രക്ഷപ്പെട്ട് പുലർച്ചെ കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുക ആയിരുന്ന ഈ സംഘത്തെ ഫോൺ ട്രൈസ് ചെയ്താണ് നെടുമങ്ങാട് പൊലീസ് പിടി കൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
