നേമം: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് കാൽനടയാത്രികയായ വയോധിയുടെ സ്വർണമാല കവർന്നു. പനയംകോട് കൊല്ലോട് ലൂഥറൻ ചർച്ചിന് സമീപം തടത്തരികത്ത് വീട്ടിൽ ലോയിസിന്റെ (67) മൂന്നു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്.കാട്ടാക്കടയിലേക്കുള്ള വഴി ചോദിച്ചാണ് മോഷ്ടാവ് ഇവരുടെ സമീപത്ത് എത്തിയത്. പിടിവലിക്കിലെ അരഗ്രാം മാല തിരികെ ലഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മലപ്പനംകോട് ചർച്ചിന് സമീപമായിരുന്നു സംഭവം. കിള്ളി ഭാഗത്തുനിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികൻ. പിടിവലിക്കിടെ ലോയിസിന്റെ കഴുത്തിന് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന സി.സി.ടി.വി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വിളപ്പിൽശാല പൊലീസ് അന്വേഷണമാരംഭിച്ചു.
