നേമം : സ്റ്റുഡിയോ റോഡിൽ പുതുതായി നിർമിച്ച റെയിൽവേ മേൽപ്പാലത്തോട് ചേർന്നുള്ള റോഡ് ടാർ ചെയ്തു. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട് നേമം സ്റ്റുഡിയോ റോഡിലെ പഴയ മേൽപ്പാലം പൊളിച്ച് പുതിയ പാലം റെയിൽവേ പണിതിട്ടും പാലത്തിനോട് ചേർന്ന റോഡിന്റെ ഭാഗങ്ങളിൽ ടാറിങ് നടത്താത്തതുകാരണം യാത്രക്കാർ ഗതാഗതക്ലേശം അനുഭവിക്കുന്ന വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ ടാറിങ്ങിന് മുൻപ് റോഡിൽ പാകുന്നതിനായി ചല്ലി ഇറക്കുകയും ചൊവ്വാഴ്ച മുതൽ ടാറിങ് തുടങ്ങുകയും ചെയ്തു.
ചല്ലിയും മണ്ണും ഇളകി കുണ്ടും കുഴിയും ഒപ്പം പൊടി പടലങ്ങളും കാരണം വലിയ യാത്രാദുരിതമാണ് നാട്ടുകാരും യാത്രക്കാരും അനുഭവിച്ചിരുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡുവഴി കടന്നുപോകുന്നത്. കരമന-കളിയിക്കാവിള പാതയിലൂടെ വന്ന് വെള്ളായണി ജങ്ഷനിൽ തിരിഞ്ഞ് സ്റ്റുഡിയോ റോഡ് വഴി തൃക്കണ്ണാപുരം പാലം വഴി തിരുമല ഭാഗത്തേക്കും പാപ്പനംകോട്, മലയിൻകീഴ് ഭാഗത്തേക്കും പോകാൻ കഴിയുന്ന വഴികൂടിയാണിത്. നേരത്തെ പൊട്ടി പ്പൊളിഞ്ഞ് കിടന്നിരുന്ന സ്റ്റുഡിയോ റോഡ് മന്ത്രി വി.ശിവൻകുട്ടിയുടെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയിരുന്നു. അന്ന് റെയിൽവേയുടെ മേൽപ്പാല നിർമാണം നടക്കുന്നതിനാൽ അത്രയുംഭാഗം ഒഴിവാക്കുകയായിരുന്നു.
