നെടുമങ്ങാട്: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവും പിതാവും അറസ്റ്റിൽ. കാച്ചാണി പമ്മത്ത്മൂല മയൂരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി. സുരേന്ദ്രനാഥ് -പുഷ്പലത ദമ്പതികളുടെ മകൾ അനുപ്രിയ (29) മരിച്ച കേസിൽ അഞ്ചൽ ഏരൂർ സ്വദേശികളായ മൻമഥൻ (78), ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായത്. അനുപ്രിയയുടെ ഭർത്താവ് മനു ഗൾഫിലാണ്. മനുവാണ് കേസിലെ ഒന്നാം പ്രതി.ഏപ്രിൽ 11നാണ് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ ഫാനിൽ അനുപ്രിയയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പിതാവ് സുരേന്ദ്രനാഥ് നൽകിയ പരാതിയെ തുടർന്നാണ് മനുവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലി ഭർത്താവും ഭർതൃമാതാപിതാക്കളും മാനസിക സമ്മർദംചെലുത്തുകയും ഗാർഹിക പീഡനത്തിനിരയാക്കുകയും ചെയ്തതിനെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്നാണ് പരാതി.
