പോത്തൻകോട്: ഭർത്താവിനും ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( കെടിഎഫ്ഐസിഎസ് ) പ്രസിഡന്റിനെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. സൊസൈറ്റി പ്രസിഡന്റ് ചിറയിൻകീഴ് കൂന്തള്ളൂർ കൊല്ലംവിളാകത്ത് എസ്. സജിത് കുമാറിനെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസ്. പോത്തൻകോട് തച്ചപ്പള്ളി മംഗലത്തുനട രഞ്ജിത്ത് ഭവനിൽ രജിത്തിന്റെ ഭാര്യ രേവതി ആർ. നായർ ആണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
ജോലിക്കുവേണ്ടി നൽകിയ ലക്ഷങ്ങൾ തിരികെ കിട്ടാതായതിൽ മനംനൊന്ത് രേവതിയുടെ ഭർത്താവ് രജിത്ത് ( 37 ) കഴിഞ്ഞ മാർച്ച് 19 ന് ജീവനൊടുക്കിയിരുന്നു. മൃതദേഹത്തിൽ നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ സൊസൈറ്റി പ്രസിഡന്റ് സജിത്കുമാറിന്റെ പേരും നൽകിയ തുകയും പറയുന്നുണ്ട്. അവസാന നിമിഷം വരെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമായിരുന്നു രജിത്ത്. ആറ്റിങ്ങൽ കേന്ദ്രമായുള്ള കെടിഎഫ്ഐസിഎസ് എന്ന സ്ഥാപനത്തിൽ ജോലി നൽകാമെന്നു പറഞ്ഞ് രജിത്തിൽ നിന്നും 2019 ജൂലായിൽ 3 ലക്ഷവും അതിനു ശേഷം 5 ലക്ഷവും സജിത്ത് വാങ്ങിയെന്നും പരാതിയിൽ പറയുന്നു.
