വെള്ളറട: വാടകക്ക് കാര്‍ എടുത്ത് ലോബികള്‍ക്ക് മറിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. വെള്ളറട നിലമാമൂട് കുഴിക്കാല കിഴക്കേ വീട്ടില്‍ ബഞ്ചിലാസ് അരുണ്‍ (37) ആണ് പിടിയിലായത്. വെള്ളറട നെല്ലിശ്ശേരി സ്വദേശി രഞ്ചിത്തിന്റെ പരാതിയില്‍ വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സ്വിഫ്റ്റ് കാര്‍ വാടക നല്‍കാം എന്ന ഉറപ്പിന്മേലാണ് രഞ്ചിത്തിന്റെ പക്കല്‍ നിന്ന് പ്രതി വാഹനം വാടകക്ക് എടുത്തത്. എന്നാല്‍ നിശ്ചിത ദിവസം കഴിഞ്ഞിട്ടും വാഹനം തിരികെ കിട്ടാത്തതിനാല്‍ പ്രതിയോട് വാഹനം ആവശ്യപ്പെട്ടപ്പോള്‍ വാഹനം മറ്റൊരാള്‍ തന്റെ പക്കല്‍ നിന്നും വാടകക്ക് കൊണ്ട് പോയി എന്നും തിരികെ കിട്ടുമ്പോള്‍ നല്‍കാം എന്നും പറഞ്ഞ് പരാതിക്കാരനെ മടക്കി അയക്കുകയാണുണ്ടായത്. വീണ്ടും വാഹനത്തിന് വേണ്ടി സമീപിച്ചപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന് പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ച പോലീസ് പ്രതിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തുന്നത്. സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ മുന്‍പും ഉണ്ടായപ്പോള്‍ പരാതിക്കാര്‍ക്ക് പണം നല്കി പരിഹരിക്കുകയാണുണ്ടായത്. അന്വേഷണത്തില്‍ വെള്ളറട ഭാഗത്ത് സമാനമായ കേസില്‍ നടപടികള്‍ നേരിടുന്ന നിരവധി പ്രതികള്‍ ഉള്‍പ്പെടുന്ന സംഘത്തിലെ അംഗമാണ് ഇയാള്‍ എന്നാണ് പോലീസിന് ലഭിച്ച വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്.
