തിരുവനന്തപുരം: അയൽവാസിയെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച യുവാവ് പിടിയിൽ. പൂവാർ കല്ലിംഗവിളാകം കാട്ടുപ്ലാവ് നിഷാ മൻസിലിൽ നിസാബ് മൊയ്തീനെ (33) യാണ് പൂവാർ പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസി കല്ലിംഗവിളാകം തൈപ്പലം വീട്ടിൽ തങ്കരാജനേയും ഭാര്യയേയുമാണ് കഴിഞ്ഞ 12-ാം തീയതി ഇയാൾ വീട്ടിൽ കയറി ആക്രമിച്ചത്. അടുത്തകാലത്ത് തങ്കരാജന്റ വീട്ടിൽ വളർത്തിയിരുന്ന പശുക്കൾ മോഷണം പോയിരുന്നു. ഇതേത്തുടർന്ന് പോലീസിന് നൽകിയ പരാതിയിൽ നിസാബ് മൊയ്തീനേയും സംശയിക്കുന്നതായി പറഞ്ഞിരുന്നു.ഇതിലെ വൈരാഗ്യത്തിൽ പ്രതി തങ്കരാജന്റെ വീട്ടിൽ കല്ലുമായി അതിക്രമിച്ച് കയറി ഭീഷണി മുഴക്കി ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റെന്ന് പൂവാർ പാേലീസ് പറഞ്ഞു. എസ് എച്ച് ഒ എസ്.ബി.പ്രവീൺ, എസ്.ഐ.തിങ്കൾ ഗോപകുമാർ , പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, ക്രിസ്റ്റഫർ, രതീഷ്, പ്രശാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
